ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിഎസ്‌സി മാതൃകയിലുള്ള സംവരണം നടപ്പാക്കണം; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പിഎസ്‌സി മാതൃകയിലുള്ള സംവരണം നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പിന്നീട് ഈ തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

സംവരണ തത്വം നടപ്പാക്കുക തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽ മാണികൃമടക്കം കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ഈ ഉത്തരവ് നിലവിൽ വരുന്നതോടെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹൃനീതി ഉറപ്പിക്കാൻ കഴിയുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത് ആകെ 733 തസ്തികകളാണ്. തിരുവിതാംകൂർ ദേവസ്വത്തിൽ സ്‌കൂളുകളിൽ 271 ഉം കോളേജുകളിൽ 184 ഉം തസ്തികയുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിൽ സ്‌കൂളിൽ 17 ഉം കോളേജിൽ 113 വുമാണ് തസ്തികളുമുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ സ്‌കൂളുകളിൽ 72 ഉം കോളേജിൽ 76 ഉം തസ്തികകളുണ്ട്. കൂടൽമാണിക്യത്തിലും മലബാർ ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.