എസ്എഫ്‌ഐയെ ഒരു ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദി; കെ സി വേണുഗോപാൽ

തിരുവനന്തുപുരം: മുഖ്യമന്ത്രിയ്ക്കും എസ്എഫ്‌ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എസ്എഫ്‌ഐയെ ഒരു ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എസ്എഫ്‌ഐ പ്രവർത്തകരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ കോളേജിൽവിടാൻ കേരളത്തിലെ അമ്മമാർ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാർഥന്റെ അമ്മയേയും അച്ഛനേയും കാണാൻ കഴിയുന്നത്. സിദ്ധാർഥന്റേത് ആത്മഹത്യയായി കാണാൻ കഴിയില്ല, അത് കൊലപാതകമാണ്. കേരളത്തിലും ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് സിദ്ധാർഥന്റെ കൊലപാതകം. ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ കണ്ട് അത് ഒരിക്കലും ഇന്ത്യയിൽ നടക്കില്ലെന്ന് കരുതുന്ന കേരളീയരുടെ ചിന്തകൾക്ക് മേലേറ്റ അടിയാണ് ഈ സംഭവം. കോളേജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയിമാറുന്നു. സംഘടനയിൽ ചേരാൻ കൂട്ടാക്കാത്ത വിദ്യാർഥികളോട് പ്രതികാരമനോഭാവത്തിലാണ് എസ്എഫ്‌ഐ പ്രവർത്തകർ പെരുമാറുന്നത്. ഇതൊന്നും തടയാൻ കഴിയാത്ത അധ്യാപക സമൂഹവും ഇവിടെ പ്രതിക്കൂട്ടിലാണെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു.

എസ്എഫ്‌ഐ എന്ന വിദ്യാർഥി സംഘടനയെ ഒരു ക്രിമിനൽ സംഘമായി വളർത്തിയത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. തന്റെ അഴിമതിയും രാഷ്ട്രീയ ജീർണതയും സർക്കാരിന്റെ ചീത്തപ്പേരും മറച്ചുപിടിക്കാനായി പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് മുഖ്യമന്ത്രി എസ്എഫ്‌ഐ പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അക്രമികൾക്കും ക്രിമിനലുകൾക്കും ജീവൻരക്ഷകരുടെ പരിവേഷം നൽകി മാലയിട്ട് സ്വീകരിച്ച് അത്തരക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ വേണ്ടി നിർദ്ദേശം നൽകുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സിദ്ധാർഥിന്റെ കൊലപാതകം അടക്കുള്ള സംഭവങ്ങളിൽ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.