ഹിമാചൽ പ്രദേശിൽ ക്രോസ് വോട്ടിങ് ഉണ്ടായെന്ന വസ്തുത നിരാകരിക്കാൻ കഴിയില്ല; ജയറാം രമേശ്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ക്രോസ് വോട്ടിങ് ഉണ്ടായെന്ന വസ്തുത നിരാകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. എല്ലാവരോടും തുറന്നമനസ്സോടെ സംസാരിക്കാനും കോൺഗ്രസ് സർക്കാരിന് ജനങ്ങൾ നൽകിയ കാലാവധി തികയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിരീക്ഷകരോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നിരീക്ഷകരിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത് രണ്ടുകാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണെന്ന് ജയറാം രമേശ് വ്യക്തമാക്കി. ക്രോസ് വോട്ടിങ്ങിന് ഉത്തരവാദികളായവരെ കണ്ടെത്തുക, സംസ്ഥാന സർക്കാരിന്റെ ഭാവി പരിപാടികൾ അറിയിക്കുക എന്നിവയാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ കോൺഗ്രസിനൊപ്പമല്ലെന്ന് ഒരു എംഎൽഎ പ്രസ്താവിച്ചിട്ടുണ്ട്. നിരീക്ഷകർ അദ്ദേഹവുമായും സംസാരിക്കും. കോൺഗ്രസിനാണ് ജനവിധി, അയാൾക്കല്ലെന്നും വ്യക്തി താത്പര്യങ്ങൾക്കപ്പുറമാണ് പാർട്ടിയെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.