തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികൾ കൂടുതൽ ആവേശത്തിലാണെന്നും 2019നേക്കാൾ 2024ൽ ജനങ്ങൾക്ക് കൂടുതൽ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൻഡിഎയുടെ സീറ്റുകൾ രണ്ടക്കം കടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അറിയിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാവർക്കും നമസ്‌കാരമെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം നടത്തിയത്. അനന്തപത്മനാഭ സ്വാമിയെ നമസ്‌കരിക്കുകയാണെന്നും രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി വ്യക്തമാക്കി.
തിരുവനന്തപുരം ഏറ്റവും സ്‌നേഹമുള്ള ആളുകളുള്ള നഗരമാണ്. തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വന്നപ്പോൾ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ എക്കാലത്തും തന്നെ സ്‌നേഹിച്ചിട്ടുണ്ട്. ആ സ്‌നേഹം തിരിച്ചുനൽകാൻ കൂടുതൽ പരിശ്രമിക്കും. കേരളം എന്നും സ്‌നേഹം നൽകി. ഇത്തവണ മലയാളികൾക്ക് കൂടുതൽ ആവേശം കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ നേടുക എന്നതാണ് ഇത്തവണത്തെ എൻഡിഎയുടെ മുദ്രാവാക്യം. കേരളത്തോട് കേന്ദ്ര സർക്കാർ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൽക്കുള്ള പരിഗണന കേരളത്തിനും നൽകി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റും. അതാണ് മോദിയുടെ ഗ്യാരണ്ടി. കേരളത്തിലെ യുവാക്കൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പിക്കും. കേരളത്തിലെ യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ നൽകും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. സംസ്ഥാന സർക്കാർ നിസ്സഹരിച്ചിട്ടും വികസനത്തിൽ കേന്ദ്രം പരിഗണന നൽകി. പ്രതിപക്ഷം തോൽവി ഉറപ്പിച്ചു കഴിഞ്ഞു. മോദിയെ അസഭ്യം പറയൽ ആണ് പ്രതിപക്ഷം ചെയ്യുന്നത്. കേരളം ഇത്തവണ എൻഡിഎയെ തുണക്കും. കേരളത്തിന്റെ പ്രതീക്ഷകൾ സഫലമാക്കുമെന്നു ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

