ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആക്രമണങ്ങളിൽ പ്രതികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; എസ് ജയശങ്കർ

ന്യൂഡൽഹി: കഴിഞ്ഞ വർഷം യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആക്രമണങ്ങളിൽ പ്രതികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടി വി 9 നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് അതിക്രമിച്ച് കയറിയവർക്കെതിരെയും കാനഡയിൽ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയവർക്കെതിരേയും നടപടി പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് തങ്ങൾക്ക് താത്ക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു. കാനഡയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായതിനെ തുടർന്നായിരുന്നു ഇത്തരമൊരു നീക്കം നടന്നത്. എന്നാൽ, ഇന്ന് വിസ പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിലാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനും ചോദ്യം ചെയ്യാനും സാധിക്കില്ല. എംബസികളിലേക്ക് സ്‌മോക് ബോംബെറിയുന്നതും സൗഹൃദപരമായി നിലകൊള്ളുന്ന ഒരു രാജ്യത്തെ ആക്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്.