ചാറ്റ്ജിപിടിയെ നേരിടാൻ പുതിയ എഐ മോഡൽ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ്

തിരുവനന്തപുരം: ചാറ്റ്ജിപിടിയെ നേരിടാൻ പുതിയ എഐ മോഡൽ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ബ്ലൂംബെർഗാണ്. മാർച്ച് മാസത്തോടെ പുതിയ എഐ മോഡൽ അവതരിപ്പിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നതെന്നാണ് വിവരം. ഹനൂമാൻ എന്ന പേരിലാണ് പുതിയ എഐ മോഡൽ അവതരിപ്പിക്കുക.

ഈ എഐ മോഡലിന് പിന്നിലുള്ളത് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഇന്ത്യയിലെ തന്നെ മറ്റ് എട്ട് മുൻനിര സർവകലാശാലകളുടെയും പിന്തുണയുള്ള ‘ഭാരത് ജിപിടി’ എന്ന കൺസോർഷ്യമാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ടെക്ക് കോൺഫറൻസിൽ എഐ മോഡൽ അവതരിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 22 ഇന്ത്യൻ ഭാഷകളിലായി പരിശീലിപ്പിച്ചെടുത്ത ഇൻഡിക് ലാർജ് ലാംഗ്വേജ് മോഡൽ പരമ്പരയാണ് പുറത്തിറങ്ങുക. ഐഐടി മുംബൈയുടെ നേതൃത്വത്വത്തിലുള്ള ഭാരത് ജിപിടിയുമായി സഹകരിച്ച് സീതാ മഹാലക്ഷ്മി ഹെൽത്ത് കെയർ ആണ് ഇത് കോൺഫറൻസിൽ അവതരിപ്പിച്ചത്. ഓപ്പൺ സോഴ്‌സ് ആയാണ് ഇത് പുറത്തിറക്കുന്നതെന്നാണ് ബ്ലൂബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ടെക്സ്റ്റ് ടു ടെക്സ്റ്റ്, ടെക്സ്റ്റ് ടു സ്പീച്ച്, ടെക്സ്റ്റ് ടു വീഡിയോ തുടങ്ങിയവയൊക്കെ നിരവധി ഭാഷകളിൽ ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും. പദ്ധതി വിജയിച്ചാൽ എഐ രംഗത്ത് ഇന്ത്യ നടത്തുന്ന വൻ മുന്നേറ്റമായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.