തിരുവനന്തപുരം: ട്രെയിൻ യാത്രികർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഫുഡ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി ധാരണയിലെത്തിയിരിക്കുകയാണ്. യാത്രക്കാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഐആർസിടിസിയുടെ ഈ തീരുമാനത്തിലൂടെ ലഭിക്കും. കരാറനുസരിച്ച് മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യ ഘട്ടമെന്ന് നിലയ്ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി നാല് റെയിൽവേ സ്റ്റേഷനുകൾ പോയിന്റ് ഓഫ് കൺസെപ്റ്റ് (പിഒസി) ആയി ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്.
ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ നാല് സ്റ്റേഷനുകൾ. ഭക്ഷണ വിതരണ സൗകര്യം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ ഉപയോഗിച്ച് ഭക്ഷണം എങ്ങനെ ഓർഡർ ചെയ്യാമെന്ന് നോക്കാം.
ആദ്യമായി യാത്രക്കാർ ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടലിൽ അവരുടെ പിഎൻആർ നൽകണം. തുടർന്ന് ഒരു ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കണം. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് ഓർഡർ പൂർത്തിയാക്കുക, തുടർന്ന് ഓൺലൈനായി പണമടയ്ക്കാം. അല്ലെങ്കിൽ ഡെലിവറി ഓർഡറിൽ പണം ഷെഡ്യൂൾ ചെയ്യുക. ഭക്ഷണം നിങ്ങളുടെ സീറ്റിൽ എത്തിക്കും.

