തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാർട്ടർ ലൂ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിലെ സിപിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മാസപ്പടി കേസിലെ സിപിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിച്ചാൽ നാറുമെന്നും ജനരോഷം തങ്ങൾക്കെതിരെയും ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവിലാണ് പിണറായിയുടെ നാവായി പ്രവർത്തിച്ച എ കെ ബാലനെ പോലുള്ളവരുടെ ഉൾവലിയൽ. സിപിഎമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കൾ പോലും മാസപ്പടിയിൽ പ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധം തീർക്കുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യു ടേൺ അടിച്ചു. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സിപിഎമ്മിൽ നിന്നുള്ള പിന്തുണ കുറയുകയാണ്. മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാൻ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്റെ സൂചനയാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

