മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന പ്രചാരണം; സത്യാവസ്ഥ ഇതാണ്…

ന്യൂഡൽഹി: കോൺഗ്രസ് എം പി മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഓഫീസ്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മനീഷ് തിവാരിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ.

മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം തന്റെ നിയോജക മണ്ഡലത്തിലാണ്. അവിടെ വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണെന്ന് എപിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രി അദ്ദേഹം ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് താമസിച്ചതെന്നും ഓഫീസ് വിശദീകരിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുലും മറ്റ് എംപിമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന ഊഹപോഹങ്ങളും ശക്തമാകുന്നുണ്ട്. എന്നാൽ, കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അത് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട്വാരി വ്യക്തമാക്കി.