പഞ്ഞിമിഠായിയുടെ നിർമാണവും വിൽപനയും നിരോധിച്ചു തമിഴ്‌നാട്; കാരണമിത്

ചെന്നൈ: തമിഴ്‌നാട്ടിൽ പഞ്ഞിമിഠായിയുടെ നിർമാണവും വിൽപനയും നിരോധിച്ചു. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

നേരത്തെ പുതുച്ചേരിയിലും പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ഞിമിഠായിക്ക് പുതുച്ചേരിയിൽ നിരോധനമേർപ്പെടുത്തിയത്.

പഞ്ഞിമിഠായിയിൽ കണ്ടെത്തിയത് ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ്. ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയത്.