ബംഗളൂരു: ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ കർണാടക. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ ഉയർത്തി. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്. കർണാടകയിൽ ഇനി ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങളുടെ വില ഉയരും.
അതേസമയം, ബെംഗളുരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ഇന്ന് കർണാടക നിയമ സഭയിൽ അവതരിപ്പിച്ചത്. മൈസുരു മുതൽ ബെംഗളുരു വരെ നീളുന്ന ബെംഗളുരു ബിസിനസ് കോറിഡോറാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. 27,000 കോടിയാണ് ഇതിനായി വികയിരുത്തിയിരിക്കുന്നത്.
ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷികനിയമങ്ങൾ പിൻവലിച്ച് പഴയ നിയമം തന്നെ നിലനിർത്തും. ഗ്രാമീണ വനിതകൾക്കായി സംസ്ഥാനത്തെമ്പാടും സർക്കാർ സഹായത്തോടെ കഫേ ഹോട്ടലുകൾ, ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ്, ചിക്കമഗളുരുവിൽ സ്പൈസസ് പാർക്ക് തുടങ്ങിയവ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

