കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമെന്ന് അജയ് മാക്കൻ

ന്യൂഡൽഹി: കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാർട്ടി ട്രഷറർ അജയ് മാക്കൻ. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നുമായി 210 കോടി രൂപ തിരിച്ചുപിടിക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമായ നടപടിയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു. സ്‌കീം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭരണഘടന ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നൽകുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ല. സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ല. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും കോടതി അറിയിച്ചു.