നാടകക്കമ്പനി തുടങ്ങുന്നതാണ് നല്ലത്; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുകൈകൊണ്ട് എസ്എഫ്ഐക്കാരോട് പ്രതിഷേധിക്കാൻ പറയുന്ന മുഖ്യമന്ത്രി മറുകൈകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യാൻ പോലീസിനോട് നിർദേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ അദ്ദേഹത്തിന് നല്ലത് ഒരു നാടകക്കമ്പനി തുടങ്ങുന്നതാണെന്നും ഗവർണർ വ്യക്തമാക്കി.

വേണമെങ്കിൽ പ്രതിഷേധക്കാർക്ക് തന്നെ ആക്രമിക്കാം. പക്ഷെ, അവർക്ക് തന്റെ കാറ് മാത്രം ആക്രമിച്ചാൽ മതി, തന്നെ വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ഉദ്ദേശംതന്നെ ഭയപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിഷേധത്തിനുവരുന്ന യുവാക്കളെ ഉപയോഗപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണ്. അവരോട് കൈകൾകൂപ്പി താൻ സഹതപിക്കുകയാണ്. കേരള പോലീസ് അനാവശ്യമായ സമ്മർദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പൊരിവെയിലത്ത് അവർ പ്രതിഷേധക്കാരെ തടയാൻ നിൽക്കുകയാണ്. പോലീസുകാരോട് സഹതാപമുണ്ടെന്നും ഇതിന്റെയെല്ലാം പൂർണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.