തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി മുൻമന്ത്രി ആന്റണി രാജു. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് വിമർശനം. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ജനുവരിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി രാജു ചൂണ്ടിക്കാട്ടി. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി 100 കോടി ഉപയോഗിച്ച് 103 ഇലക്ട്രിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളും വാങ്ങാൻ തീരുമാനിച്ചത് താൻ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ്. ജനുവരി ആദ്യത്തെ ആഴ്ചയിൽ തന്നെ ആദ്യത്തെ ഡബിൾ ഡെക്കർ എത്തി. രണ്ടാമത്തെ ആഴ്ച തന്നെ അടുത്ത ബസും എത്തി. യഥാർത്ഥത്തിൽ ജനുവരിയിൽ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികൾ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
താൻ ഇതുവഴി വെറുതേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടനത്തിനായി ഒരുക്കിനിർത്തിയിരിക്കുന്നത് കണ്ടത്. പുത്തരിക്കണ്ടത്ത് നായനാർ പാർക്കിലാണ് ഇത്രയും ബസുകൾ ഒരുമിച്ച് ഫ്‌ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു തന്നോട് ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, ഇവിടെ വെച്ചാണ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നതെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
ബസുകളുടെ ഫ്‌ലാഗ് ഓഫ് നടന്നത് വികാസ് ഭവൻ ഡിപ്പോയിൽ വെച്ചാണ്. തന്റെ കൂടി കുഞ്ഞാണ്. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളു. ഫ്‌ളാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തിൽ തന്നെയാണ് ബസുകൾ ഓടിക്കേണ്ടിവരികയെന്നും ആന്റണി രാജു പറഞ്ഞു. മുംബൈ നഗരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസുകൾ ഉള്ള സംസ്ഥാനം കേരളമാണ്. വടക്കേ ഇന്ത്യയിൽ ഇലക്ട്രിക് ഡബിൾ ഡെക്കറേയില്ല. ഓപ്പൺ റൂഫുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ആണ് തിരുവനന്തപുരത്തേത്. ഇതൊക്കെ മന്ത്രിയായിരുന്നപ്പോൾ വാങ്ങിക്കാൻ സാധിച്ചുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ”ഞാൻ മന്ത്രിയായിരുന്നപ്പോൾ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോൾ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് തനിക്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

