ചെന്നൈ: തന്റെ ആദ്യ ചിത്രമായ ‘3’യുടെ വിജയത്തെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന പാട്ട് ഹിറ്റായത് ദോഷകരമായി ബാധിച്ചെന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രജനികാന്ത്. അടുത്തിടെ പുതിയ ചിത്രമായ ലാൽ സലാമിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ രജനീകാന്തിന്റെ പരാമർശം.
ഈ പാട്ടിന്റെ വിജയം തന്നിൽ വലിയ ആശങ്കയും സമ്മർദവുമുണ്ടാക്കിയെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സ്വീകാര്യത പാട്ടിനു ലഭിച്ചത് തന്റെ സിനിമയ്ക്കു തിരിച്ചടിയായെന്നും ഐശ്വര്യ പറയുന്നു. ‘വൈ ദിസ് കൊലവെറി’ എന്ന പാട്ടിന്റെ അപ്രതീക്ഷിത വിജയം തന്നിൽ വലിയ ഞെട്ടലുണ്ടാക്കി. അത് വലിയ സമ്മർദവും ആശങ്കയുമാണ് തനിക്കു സമ്മാനിച്ചതെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി.
താൻ ശ്രമിച്ചത് സിനിമയിലൂടെ വേറിട്ട കഥ പറയാനാണ്. പക്ഷേ ആ പാട്ട് സിനിമയെ വിഴുങ്ങിക്കളഞ്ഞു. പാട്ടിനു ലഭിച്ച വലിയ സ്വീകാര്യത അംഗീകരിക്കാൻ തനിക്കു പ്രയാസമായിരുന്നു. താൻ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് വളരെ ഗൗരവമേറിയ വിഷയമാണ്്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ അധികമാരും ആ കഥയെക്കുറിച്ചു ചർച്ച ചെയ്തില്ല. ഈ ഗാനം സിനിമയെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും എന്നാൽ പലരുടെയും വ്യക്തിഗത കരിയറിനെ അത് സഹായിച്ചിട്ടുണ്ടെങ്കിൽ താനതിൽ സന്തോഷിക്കുന്നുവെന്നും ഐശ്വര്യ രജനീകാന്ത് കൂട്ടിച്ചേർത്തു.
എല്ലാവരും പാട്ട് മാത്രമാണ് ഏറ്റെടുത്തത്, അതിനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയിൽ വരുമ്പോഴും നിരവധി പേർ തന്നെ ഫോണിൽ വിളിച്ചു സംസാരിക്കാറുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തി.

