മുഖ്യമന്ത്രിയുടെ വസതിയിൽ നിതിൻ ഗഡ്കരി വിരുന്നുണ്ടില്ലേ; ഭരണപക്ഷത്തിന് മറുപടിയുമായി വി ഡി സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ഭരണപക്ഷം എൻ കെ പ്രേമചന്ദ്രൻ എംപിയെ കുറ്റപ്പെടുത്തിയതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രിയങ്കരനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി വിരുന്നിനു വിളിച്ചെന്ന് അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രനെതിരേ വിരൽചൂണ്ടുന്നവർ മറ്റു നാലുവിരലും സ്വന്തം നെഞ്ചിലേക്കാണെന്ന് ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വസതിയിൽ 2018 ജൂൺ 11-ന് ഒരു അതിഥി ഉണ്ടായിരുന്നു. ആർഎസ്എസ് കാര്യാലയമുള്ള നാഗ്പുരിലെ എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയും കുടുംബവും. അതിനെ ഞങ്ങൾ വിമർശിച്ചോയെന്ന് അദ്ദേഹം ചോദിച്ചു. ഗഡ്കരി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് വന്നപ്പോൾ മുഖ്യമന്ത്രിയെ പരിചയമുള്ളതിനാൽ ഭക്ഷണം കഴിക്കാൻ വന്നു. അതിൽ തങ്ങൾ തെറ്റു കാണുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ശ്രീ എമ്മുമായി മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.