കൊച്ചി:പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങൾ. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. സെനറ്റ് യോഗം വെള്ളിയാഴ്ച ചേരാനിരിക്കുകയാണ്. ഇതിനിടെയാണ് സെനറ്റ് അംഗങ്ങളായ അഡ്വക്കേറ്റ് കെ വി മഞ്ജു, പി എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.
ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്കെതിരായുണ്ടായ പ്രതിഷേധവും ഹർജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹർജിയിൽ കോടതി പൊലീസിന്റെ നിലപാട് തേടി. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

