വന്യജീവി സംഘർഷം; നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് കാലാനുസൃതമായ നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഐകകണ്‌ഠേന പാസാക്കി നിയമസഭ. വന്യജീവി ആക്രമണം വർധിക്കുന്നതിനാൽ, ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനു നിയമഭേദഗതി കൊണ്ടുവരണമെന്നു കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. നിലവിലെ നിയമങ്ങളിൽ കേന്ദ്രം ഭേഗഗതി വരുത്താത്ത സാഹചര്യത്തിലാണു സംസ്ഥാനം പ്രമേയം പാസാക്കിയത്.

കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമം കാലാനുസൃതമായി ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം തടയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ വകുപ്പ് പ്രകാരം വൈൽഡ് ലൈഫ് വാർഡനു നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തരനടപടികൾ സ്വീകരിക്കാൻ കഴിയുന്ന വിധം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കു നൽകണമെന്നും പ്രമേയത്തിൽ പറയുന്നു.