ഡോ വന്ദന ദാസ് കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു ഡോ വന്ദന ദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനോടകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാലും മറ്റു പ്രത്യേക കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലും ഹൈക്കോടതി ഹർജി നിരസിച്ചു. ആ ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവൺമെന്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് മോൻസ് ജോസഫ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുകയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.

വന്ദനാ ദാസിന്റെ കൊലപാതകത്തിൽ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. കുറ്റപത്രം സമർപ്പിച്ചതാണ്. പ്രത്യേകിച്ച് പരാതികൾ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ല. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ടു പൊലീസ് ചെയ്യേണ്ട നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്‌തെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വന്ദന ദാസിനെ ഉടൻതന്നെ പൊലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എത്രയും വേഗം ചികിത്സ നൽകാനുള്ള ഇടപെടലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.