മാനന്തവാടി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. അജീഷിന്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും സർക്കാർ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
തിങ്കളാഴ്ച നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിന് കൈമാറും. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കുടുംബം വ്യക്തമാക്കിയിരുന്നത്. ബാക്കി 40 ലക്ഷം രൂപ കൈമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്‌നിക്കുമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്.
അതേസമയം, അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകൾ എഴുതിതള്ളുന്ന ആവശ്യത്തിൽ സർക്കാർതലത്തിൽ അനുകൂല പരിഗണന നൽകും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി. മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിക്കുമെന്നും വനംമന്ത്രി അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് കൊല്ലപ്പെട്ടത്. ആനയെ കണ്ട് വിരണ്ടോടിയ അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

