പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് രണ്ടായിരത്തിലധികം പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഒറ്റച്ചടങ്ങിൽ ഇവ നിർവ്വഹിക്കാനാണ് പദ്ധതി. ഈ മാസം ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയാവും ഉദ്ഘാടനം നിർവഹിക്കുകയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ടു ബജറ്റുകളിൽ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകി പ്രഖ്യാപിച്ച പദ്ധതികളിൽ ചിലതും അമൃത് സ്റ്റേഷനുകളും ഉദ്ഘാടനത്തിനു തയാറായിട്ടുണ്ട്. ചില പദ്ധതികൾക്കു തറക്കല്ലിടും. അടിപ്പാതകൾ, പ്ലാറ്റ്‌ഫോം വികസനം, 500 കോടി രൂപ വരെ ചെലവഴിച്ചു നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, നടപ്പാലങ്ങൾ, അമൃത് സ്റ്റേഷൻ എന്നിവയിൽ പൂർത്തിയായവയും രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുന്നവയും ഉദ്ഘാടനം ചെയ്യും. ചില മേൽപാലങ്ങളുടെ തറക്കല്ലിടലും നടക്കുമെന്നാണ് വിവരം.
റെയിൽവേ ബോർഡിന്റെ നിർദേശമനുസരിച്ച് പദ്ധതികളുടെ പട്ടിക തയാറാക്കുന്ന തിരക്കിലാണ് റെയിൽവേ ഡിവിഷനുകളിലെ ഉദ്യോഗസ്ഥർ. കേരളത്തിൽ പാലക്കാട് ഡിവിഷനിൽ മുപ്പതും തിരുവനന്തപുരം ഡിവിഷനിൽ നാൽപത്തിമൂന്നും ഉൾപ്പെടെ 73 പദ്ധതികളാണുള്ളത്.

