മാനന്തവാടി: വയനാട്ടിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു കയറിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദ പനച്ചിയിലാണ് സംഭവം. ടാക്സി ഡ്രൈവറായ അജിയാണ് മരണപ്പെട്ടത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്ക് എത്തിയത്. അജിയുടെ മരണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്.
കോളർ ഘടിപ്പിച്ച ആന എത്തിയിട്ടും വനംവകുപ്പ് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ. നാട്ടുകാർക്ക് മുന്നറിയിപ്പ് അനൗൺസ്മെന്റ് നൽകിയില്ലെന്നും ഇവർ പറയുന്നു. ആനയുടെ ആക്രണം നടന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പിന്റെ ഉദ്യോഗസ്ഥർ എത്തിയില്ലെന്നും ആരോപണമുണ്ട്. അതേസമയം കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്നാണ് കേരള വനംവകുപ്പിന്റെ വിശദീകരണം.
.അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി 54 ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. ആനയെ നിരീക്ഷിക്കാൻ ഡ്രോൺ എത്തിച്ചെങ്കിലും ചാർജ്ജില്ലാത്ത അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.

