സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശങ്ങളിൽ നിന്നു മാറ്റമില്ല; എം വി ഗോവിന്ദൻ

കണ്ണൂർ: വിദേശ സർവകലാശാലകൾക്ക് സംസ്ഥാനത്ത് അനുമതി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിരുന്നു. ഈ പ്രഖ്യാപനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശങ്ങളിൽ നിന്നു മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ മൂലധനത്തിന് പാർട്ടി എതിരല്ല. ഒരിക്കലും എതിരു നിന്നിട്ടുമില്ല. വിജ്ഞാന സമ്പദ് വ്യവസ്ഥയാണു പാർട്ടി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധനം വരുന്നതിൽ തെറ്റില്ല. സർക്കാർ നിയന്ത്രണം ഉണ്ടാകണമെന്നു മാത്രം. അതിനു തയാറാകുന്നവർ മാത്രം വന്നാൽ മതി. വിദ്യാർഥികൾ വിദേശത്തു പഠനത്തിനു പോകുന്നതു കുറയ്ക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസവും വിഷയത്തിൽ എം വി ഗോവിന്ദൻ പ്രതികരണം നടത്തിയിരുന്നു. കേരളത്തിന്റെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം ഇനിയങ്ങോട്ട് ആവശ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇഎംഎസിന്റെ കാലംതൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. സ്വകാര്യ മേഖല വേണ്ടെന്നു പറഞ്ഞല്ല പണ്ടു സമരം നടത്തിയത്. ആഗോളവൽക്കരണത്തെ എതിർക്കുകയാണു ചെയ്തത്. സ്വകാര്യമൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ല. ഇനി എതിർക്കുകയുമില്ല. ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.