ശ്രീകുമാരൻ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂ; കേരള സാഹിത്യ അക്കാഡമി

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ പ്രതികരണവുമായി കേരള സാഹിത്യ അക്കാഡമി. സർക്കാരിന് വേണ്ടി കേരളാ ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ ആരോപണത്തിനാണ് കേരള സാഹിത്യ അക്കാദമി മറുപടി നൽകിയത്.

അക്കാഡമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനും സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടതെന്നും പിന്നീട് എഴുതി കൊടുത്ത ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടുവെന്നും ശ്രീകുമാരൻ തമ്പി അറിയിച്ചിരുന്നു. തിരുത്തിക്കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചു കൊണ്ടുള്ള പരസ്യമാണെന്നും ശ്രീകുമാരൻ തമ്പി വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഈ ആരോപണങ്ങളിലാണ് അക്കാദമി വിശദീകരണവുമായി രംഗത്തെത്തിയത്. കേരള ഗാനത്തിൽ തീരുമാനമായിട്ടില്ലെന്ന് അക്കാഡമി സെക്രട്ടറി സി പി അബൂബക്കർ അറിയിച്ചു. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങൾ ചേരുന്നതേയുള്ളൂ. കമ്മിറ്റി ചേർന്ന് നല്ല പാട്ട് ലഭിച്ചെന്ന് ഉറപ്പുവരുത്തിയാലേ പാട്ട് സ്വീകരിക്കുകയുള്ളൂ. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്ന പാട്ടാണ്. അതിൽ കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും എല്ലാം എല്ലാ ആളുകൾക്കും സ്വീകാര്യമായ രീതിയിൽ വരണം. അതിനാലാണ് താമസം ഉണ്ടാവുന്നത്. ശ്രീകുമാരൻ തമ്പിക്ക് വിഷമം ഉണ്ടാക്കുന്ന രീതിയിൽ അക്കാഡമിയിൽ നിന്ന് ഒന്നും ഉണ്ടായിട്ടില്ല. ശ്രീകുമാരൻ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും അബൂബക്കർ അറിയിച്ചു.