യെമനിലെ ഹൂതികേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം

വാഷിങ്ടൺ: യെമനിലെ ഹൂതികേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം. അമേരിക്കയും ബ്രിട്ടനും സംയുക്തയമായാണ് ഹൂതി കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ശനിയാഴ്ച, 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചെങ്കടലിലെ കപ്പൽനീക്കത്തിനു നേരെ ഹൂതികൾ തുടർച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിനുള്ള മറുപടി എന്ന നിലയിലാണ് അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയത്.

അതേസമയം, വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിൽ തിരിച്ചടി നൽകി അമേരിക്ക. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. 30 മിനിറ്റ് നീണ്ട ആക്രമണമാണ് ഉണ്ടായത്.

ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നുണ്ടെന്നും അമേരിക്ക വിശദീകരിച്ചു. വിഷയത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് അദ്ദേഹം അറിയിച്ചത്. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

വടക്കൻ ജോർദാനിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് നേരത്തെ തന്നെ യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയ അതിർത്തിക്ക് സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്കയുടെ ആരോപണം.