തൃശൂർ: താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരന് കുത്തിവെപ്പിനെത്തുടർന്ന് കാൽ തളർന്ന സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട് ഡിഎംഒയിൽ നിന്ന് റിപ്പോർട്ട് തേടി. കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിന്മേലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിൽ നിന്ന് നിർദേശം ലഭിച്ചതിനെത്തുടർന്ന് തൃശ്ശൂർ ഡെപ്യൂട്ടി ഡിഎംഒ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലി കഴിഞ്ഞ ഡിസംബർ ഒന്നിന് വൈകീട്ട് ആറോടെയാണ് കടുത്ത തലവേദനയെത്തുടർന്ന് മാതാവ് ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ വേദനയ്ക്കും ഛർദിക്കും രണ്ട് കുത്തിവെപ്പ് എഴുതി നൽകി. പുരുഷ നഴ്സ് ആദ്യം കൈയിൽ കുത്തിവെപ്പെടുത്തതിനെത്തുടർന്ന് കൈ നീര് വന്ന് വീർത്തു. പിന്നീട് അരക്കെട്ടിൽ പിൻഭാഗത്ത് കുത്തിവെപ്പെടുക്കാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിച്ചതോടെ നഴ്സ് അക്ഷമനായി മരുന്ന് നിറച്ച സിറിഞ്ച് വലിച്ചെറിഞ്ഞുപോയതായി പറയുന്നു. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് തിരിച്ചെത്തിയ നഴ്സ് അശ്രദ്ധമായും ദേഷ്യത്തോടുംകൂടി സിറിഞ്ചെടുത്ത് ആഞ്ഞു കുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം.
ഈ കുത്തിവെപ്പിനെത്തുടർന്നാണ് കുട്ടിക്ക് ഇടതുകാൽ നിലത്തുറപ്പിക്കാൻ കഴിയാതെ തളർന്നത്. ചാവക്കാട് പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടറെ ഒന്നും പുരുഷനഴ്സിനെ രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

