എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ അനുമതി

വാഷിങ്ടൺ: എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ അനുമതി നൽകി യുഎസ് ഭരണകൂടം. ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസിയാണ് അനുമതി നൽകിയത്. നാല് ബില്യൺ ഡോളറിന്റെ (ഏകദേശം 33000 കോടിയോളം രൂപ) കരാറിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഇന്ത്യ വാങ്ങുന്നത് 31 ആക്രമണ ഡ്രോണുകളാണ്. നാവിക സേനയ്ക്ക് 15 സീ ഗാർഡ് ഡ്രോണുകളും വ്യോമ, കരസേനകൾക്ക് എട്ട് വീതം ഡ്രോണുകളും വിതരണം ചെയ്യാനാണ് തീരുമാനം. എംക്യു9ബി സീ ഗാർഡിയൻ ഡ്രോണുകൾ വഴി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിയിരിക്കുന്ന അന്തർവാഹിനികളെ കണ്ടെത്താനും അവയെ പിന്തുടരാനും കഴിയും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ അടങ്ങിയ ഡ്രോണുകൾ പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. നിലവിൽ 12 പി-8ഐ എയർക്രാഫ്റ്റുകളാണ് നാവിക സേനയുടെ കൈവശമുള്ളത്.

സിഖ് വിഘടനവാദി ഗുരുപട്‌വന്ത് പന്നു വധശ്രമ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കാതെ ഡ്രോൺ കരാറുമായി അമേരിക്ക സഹകരിക്കില്ലെന്ന വാർത്തകൾ നേരത്തെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.