ന്യൂഡൽഹി: ലക്ഷദ്വീപിനായി വലിയ പ്രഖ്യാപനങ്ങളാണ് രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ നടത്തിയിരിക്കുന്നത്. ലക്ഷദ്വീപിനെ സുപ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയത്. മോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലേക്ക് ആഭ്യന്തര, വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കാണെന്നും ധനമന്ത്രി പറഞ്ഞു. ബഡ്ജറ്റ് പ്രഖ്യാപനം ദ്വീപിലെ ടൂറിസം രംഗത്തിന് കൂടുതൽ ഊർജം പകരും. ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്നും പ്രഖ്യാപനമുണ്ട്.
ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുത്തൻ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഗുണം ലക്ഷദ്വീപിന്റെ കവാടമെന്ന നിലയിൽ കൊച്ചിയ്ക്കുമുണ്ടാകും. ദ്വീപിലേയ്ക്കുള്ള വിമാന, കപ്പൽ യാത്രകൾക്ക് അന്താരാഷ്ട്ര സഞ്ചാരികൾ എത്തുന്നത് കൊച്ചിയുടെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം മേഖലയ്ക്ക് ശക്തിപകരും.
ടാറ്റ ഉൾപ്പെടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ ലക്ഷദ്വീപിൽ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനമാണ് ലക്ഷദ്വീപിനെ ശ്രദ്ധേയമാക്കുന്നത്.

