റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. ഭൂമി അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അതേസമയം, ഭൂമി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സോറൻ രാജിക്കത്ത് കൈമാറിയിരുന്നു. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാൻ വേണ്ടിയായിരുന്നു സോറൻ രാജി വെച്ചത്. തുടർന്ന് രാത്രിയോടെയാണ് ഇഡി സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംസ്ഥാനം ഭരിക്കുന്ന ജെഎംഎം നേതൃത്വത്തിലുള്ള എംഎൽഎമാർ ഗവർണറുടെ വസതിയിലെത്തി ഗതാഗത വകുപ്പ് മന്ത്രി ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഭൂരിഭാഗം എംഎൽഎമാരും ചംപായ് സോറൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം റാഞ്ചിയിലെ സോറന്റെ വസതിയിലെത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20-ാം തീയതി ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തി. എന്നാൽ സോറനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തിയത്.

