ന്യൂഡൽഹി: പൂഞ്ഞാർ മുൻ എംഎൽഎയും കേരള ജനപക്ഷം സെക്യൂലർ നേതാവുമായ പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോർജും പിസി ജോർജിനൊപ്പം പാർട്ടി അംഗത്വം സ്വീകരിച്ചു.
കേരള ജനപക്ഷം സെക്യൂലർ പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹൻദാസ് അഗർവാളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പി സി ജോർജിന്റെ ബിജെപി പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകുമെന്നും എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

