ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ തന്റെ ആദ്യത്തെ പ്രസംഗം എന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നുവെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ സമ്പദ്വ്യവസ്ഥ വളർന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. മുത്തലാഖ് നിരോധിക്കാനും പാർലമെന്റിനായി. ജമ്മു കശ്മീരിന്റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായി. നീതി ആയോഗ് കണക്കനുസരിച്ച്, തന്റെ സർക്കാന്റെ 10 വർഷത്തെ ഭരണത്തിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എല്ലാവരെയും വികസനത്തിന്റെ കുടക്കീഴിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് വനവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും റോഡ് കണക്റ്റിവിറ്റിയും എത്തി. ലക്ഷക്കണക്കിന് വനവാസി കുടുംബങ്ങൾക്ക് പൈപ്പ് ലൈനിലൂടെ ശുദ്ധജലം ലഭിച്ച് തുടങ്ങി. ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളെത്തിയെന്നും രാഷ്ട്രപതി അറിയിച്ചു.
അതിർത്തികളിൽ സമാധാന അന്തരീക്ഷം സംജാതമായി. സുരക്ഷ ഉറപ്പാക്കാനായി അത്യാധുനിക സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സായുധ സേനയ്ക്ക് സാധിക്കുന്നു. സമാധാനം സൃഷ്ടിക്കാനായി കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്. സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ജമ്മു കശ്മീർ അതിന് വലിയ ഉദാഹരണമാണ്. സുരക്ഷതിത്വവും സമാധാനവും അവിടെ ഉണ്ട്. ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദ്രൗപതി മുർമു വിശദമാക്കി.

