സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; അരി വിലയിലും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അരിവിലയിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കുത്തരിയുടെ കുറഞ്ഞ ചില്ലറ വില 56 രൂപയായി ഉയർന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഇത് 54 രൂപയായിരുന്നു.

പത്തുകിലോ അരിയ്ക്ക് ജിഎസ്ടി ഉൾപ്പെടെ 590, 600 രൂപയാണ് ഇപ്പോഴത്തെ വിപണി വില. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവസരം മുതലെടുത്ത് ഇടനിലക്കാർ വില വർദ്ധിപ്പിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

പരിപ്പിന് 100 രൂപയും ഉഴുന്നിന് 150 രൂപയുമാണ് വില. ചെറുപയറിന് 140 രൂപയും വൻ പയറിന് 105 രൂപയും, കടലയ്ക്ക് 80 രൂപയും, ഗ്രീൻപീസിന് 110 രൂപയുമാണ് നിരക്ക്.