ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. കോൺഗ്രസുമായി സീറ്റ് പങ്കിടൽ ചർച്ച പുരോഗമിക്കുന്നതിനിടെ സമാജ് വാദി പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് ഇന്ത്യ മുന്നണി സഖ്യത്തിന് തിരിച്ചടിയായിരിക്കുന്നത്. തന്റെ പാർട്ടിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുമെന്നും അതിന് കോൺഗ്രസിന്റെ പച്ചക്കൊടി ആവശ്യമില്ലെന്നും എസ്പി മേധാവി അഖിലേഷ് യാദവ് അറിയിച്ചു. അതേസമയം, സീറ്റ് പങ്കിടൽ ചർച്ചകളിൽ ബംഗാളിൽ മമതയുടെ തൃണമൂലിൽ നിന്നും പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ എഎപിയിൽ നിന്നും കോൺഗ്രസ് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിതിഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നത്.
80 സീറ്റുള്ള യുപിയിൽ കോൺഗ്രസിന് 11 സീറ്റാണ് അഖിലേഷ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഇന്നു പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിംപിൾ മത്സരിക്കുന്നത് യാദവ് കുടുംബത്തിന്റെ കോട്ടയായ മെയിൻപുരിയിൽ നിന്നാണ്. ഷാഫിഖർ റഹ്മാൻ ബാർഖ് (സംഭൽ), രവിദാസ് മെഹ്റോത്ര (ലക്നൗ), അഖിലേഷ് യാദവ് (ഫിറോസാബാദ്), ദേവേശ് ശാഖ്യ (എട്ട), ധർമേന്ദ്ര യാദവ് (ബുദായം), ഉത്കർഷ് വർമ (ഖേരി) തുടങ്ങിയ പ്രമുഖരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.
2019 ൽ മായാവതിയുടെ ബിഎസ്പിയുമായി എസ്പി സഖ്യത്തിലായിരുന്നു. അന്ന് മര്യാദയുടെ പേരിൽ അമേഠിയിലും, റായ്ബറേലിയിലും എസ്പി മത്സരിച്ചിരുന്നില്ല.

