ഭുവനേശ്വർ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുകയാണെങ്കിൽ നരേന്ദ്രമോദിയുടെ ഏകാധിപത്യത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾക്ക് മുന്നിലുള്ള അവസാനത്തെ അവസരമാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾക്ക് മുന്നിലുള്ള അവസാനത്തെ അവസരമാണ് ഇത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി നരേന്ദ്രമോദി വിജയിക്കുകയാണെങ്കിൽ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും. പുട്ടിൻ റഷ്യയെ ഭരിക്കുന്നത് പോലെ ബിജെപി ഇന്ത്യയെ ഭരിക്കും. പ്രതിപക്ഷ നേതാക്കളെയും സംസ്ഥാനങ്ങളെയും ഭയപ്പെടുത്തിയാണ് മോദി സർക്കാർ ഭരണം നടത്തുന്നത്. നേതാക്കന്മാർക്ക് നോട്ടീസ് നൽകുന്നു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഇഡിയെയും ഇൻകം ടാക്സിനെയും ആയുധമാക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണം. ബിജെപിയുടെയോ ആർഎസ്എസിന്റെയോ ആശയങ്ങളെ എതിർത്താൽ സൗഹൃദവും സഖ്യവും പാർട്ടിയും ഉപേക്ഷിക്കുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധി തുടർച്ചയായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സമ്മർദ്ദങ്ങളിൽ രാഹുൽ വീഴില്ല. നമ്മുടെ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികൾക്കെതിരേ അദ്ദേഹം പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

