വികസനം; അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പുകൾ അയോദ്ധ്യയിലേയ്ക്ക് എത്തുന്നു

ന്യൂഡൽഹി: അമേരിക്ക ഉൾപ്പെടെയുള്ള 10 രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പുകൾ അയോദ്ധ്യയിലേയ്ക്ക് എത്തുന്നു. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് ഈ അവസരങ്ങൾ അയോദ്ധ്യയിലേക്ക് എത്തുന്നത്. അമേരിക്കൻ സ്ഥാപനമായ എം/എസ് അഞ്ജലി ഇൻവെസ്റ്റ്മെന്റ് എൽഎൽസിയുമായി ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഇതിനോടകം കരാർ ഒപ്പുവച്ചു. അയോദ്ധ്യയിൽ 100 മുറികളുള്ള റിസോർട്ട് നിർമ്മിക്കുന്നതിനാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. തീം പാർക്കുകൾ, റിസോർട്ട്, വെൽനസ് സെന്ററുകൾ, പുനരുപയോഗ ഊർജം, നൈപുണ്യ വികസനം, എഫ്എംസിജി തുടങ്ങിയ മേഖലകളിൽ താൽപ്പര്യം പ്രകടിപ്പിച്ച് മറ്റ് വിദേശരാജ്യങ്ങളും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുഎസ്, ഗയാന, വിയറ്റ്‌നാം, കാലിഫോർണിയ, പെറു, തായ്‌ലാന്റ്, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് നിലവിൽ യുപി സർക്കാരുമായി ചർച്ചകൾ നടത്തുന്നത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സർക്കാർ ഹോട്ടലുകളിലും റിസോർട്ടുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണെന്നും അതിനാൽ വരുന്ന വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുമെന്നും സംസ്ഥാന ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്‌വീർ സിങ് വ്യക്തമാക്കിയിരുന്നു.

50 പുതിയ ഹോട്ടലുകൾ അനുവദിച്ചു കഴിഞ്ഞുവെന്നും ഈ വർഷാവസാനം നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഗരത്തിന് ഗംഭീരമായ രൂപം നൽകാനും രാജ്യത്തെ ഒരു വലിയ ആത്മീയ കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നഗരത്തിൽ ഇതിനകം 175 ചെറുതും വലുതുമായ ഹോട്ടലുകളുണ്ട്, പരമാവധി അഞ്ച് മുറികളുള്ള 500 പുതിയ ഗസ്റ്റ് ഹൗസുകൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് പ്രദേശവാസികൾക്ക് വരുമാന മാർഗ്ഗമാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.