ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച പരേഡ് സംഘങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സായുധ പൊലീസ് സേനകൾക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.
ഡൽഹി പൊലീസ് മാർച്ചിംഗ് സംഘത്തിനാണ് മികച്ച പരേഡ് സംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. പരേഡിൽ ഡൽഹി പൊലീസിനെ നയിച്ചത് മലയാളിയായ ശ്വേത സുഗതൻ ഐപിഎസാണ്.
കിരൺ ബേദി ഐപിഎസിന് ശേഷം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തെ നയിച്ച രണ്ടാമത്തെ വനിതയാണ് ശ്വേത സുഗതൻ ഐപിഎസ്. രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ ശ്വേത ഡൽഹി പൊലീസ് മാർച്ച് സംഘത്തെ നയിച്ചത്. ശ്വേത സുഗതന് മന്ത്രി ആർ ബിന്ദു അഭിനന്ദനം അറിയിച്ചിരുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസ് കണ്ടിജെന്റിനെ നയിച്ചുകൊണ്ട് കേരളത്തിനും ഇരിങ്ങാലക്കുടയ്ക്കും അഭിമാനമായി മാറിയ ശ്വേത കെ സുഗതൻ ഐപിഎസിന് അഭിനന്ദനം അറിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. രാജ്യമനസ്സിലും പുതു ചരിത്രത്തിലേക്കുമായിരുന്നു മലയാളിയായ ശ്വേത മാർച്ചു ചെയ്തതെന്ന് മന്ത്രി പറഞ്ഞു. അഞ്ചുപതിറ്റാണ്ടുമുമ്പ് അന്നത്തെ ‘രാജ്പഥി’ൽ കിരൺ ബേദി കുറിച്ച ചരിത്രമാണ് ഇക്കുറി ‘കർത്തവ്യപഥി’ൽ ശ്വേത തിരുത്തിക്കുറിച്ചതെന്ന് ബിന്ദു വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പരാമർശം.
1975 ലെ പരേഡിൽ ഡൽഹി പോലീസ് സംഘത്തെ നയിച്ച രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരൺ ബേദിയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് ശ്വേത പരേഡിൽ പുരുഷ സംഘത്തെ നയിച്ച് ചരിത്രത്തിൽ ഇടംപിടിച്ചത്. കിരൺ ബേദിക്ക് ശേഷം 28 വർഷത്തിനിടെ ഒരു സംഘത്തെ നയിക്കുന്ന ആദ്യ വനിതയുമായി. ഇത്തവണ വനിതാ സംഘത്തെയാണ് ശ്വേത പ്രതിനിധീകരിച്ചത്. ഇതോടെ പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട ആളൂർ പഞ്ചായത്തിലെ താഴേക്കാട് സ്വദേശിനിയായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, സിആർപിഎഫ് വനിത പരേഡ് സംഘത്തിനാണ് റിപ്പബ്ലിക് ദിന പരേഡിലെ ജനപ്രിയ മാർച്ചിംഗ് സംഘത്തിനുള്ള അവാർഡ് ലഭിച്ചത്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുരസ്‌കാരം വിതരണം ചെയ്യും.

