കെ എസ് ചിത്രയ്‌ക്കെതിരായ സൈബർ ആക്രമണം; ഹൈന്ദവർക്ക് എതിരായ ആസൂത്രിത അക്രമമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: കെ എസ് ചിത്രയ്‌ക്കെതിരായ സൈബർ ആക്രമണം കേരളാ പൊലീസ് കാണുന്നില്ലേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നടക്കുന്നത് ഹൈന്ദവർക്ക് എതിരായ ആസൂത്രിത അക്രമമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതി. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്നു പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം. ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം. ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ എസ് ചിത്രക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിന്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.