ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ ആർഎസ്എസും ബിജെപിയും തികച്ചും രാഷ്ട്രീയമായ, നരേന്ദ്ര മോദിയുടെ ചടങ്ങാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് – ബിജെപി ചടങ്ങാണതെന്നും അതിനാലാണ് താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
തങ്ങൾ എല്ലാ മതങ്ങളോടും എല്ലാ ആചാരങ്ങളോടും തുറന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹിന്ദു മതത്തിലെ ഏറ്റവും വലിയ അധികാരികൾ പോലും ജനുവരി 22-ലെ ചടങ്ങിനെ ഒരു രാഷ്ട്രീയ ചടങ്ങായിട്ടാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ പ്രധാനമന്ത്രിയെയും ആർഎസ്എസിനെയും ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്ട്രീയ ചടങ്ങിലേക്ക് പോകുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി തുടങ്ങിയ കോൺഗ്രസ് നേതാക്കളും നേരത്തെ ബിജെപിക്കെതിരെ വിമർശനം നടത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പരാമർശം. ഇടത് പാർട്ടികളും തൃണമൂൽ കോൺഗ്രസും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

