സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് കോടതി

പാട്‌ന: തമിഴ്നാട് മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് കോടതി. സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഉദയനിധി സ്റ്റാലിന് കോടതി സമൻസ് അയച്ചത്. ഫ്രെബുവരി 13ന് വിചാരണയ്ക്ക് കോടതിയിൽ ഹാജരാകണം എന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഹാറിലെ പാട്‌നയിൽ എം പി മാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഉദയനിധി സ്റ്റാലിന് സമൻസ് നൽകിയത്. രണ്ട് പരാതികളാണ് മന്ത്രിക്കെതിരെ സമർപ്പിച്ചിരിക്കുന്നത്. മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുണാൽ, പാട്‌ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൗശലേന്ദ്ര നാരായൺ എന്നിവരാണ് പെറ്റീഷനുകൾ നൽകിയത്.

വിവാദ പരാമർശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് രണ്ട് ഹർജിക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. സനാതന ധർമ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകർച്ച വ്യാധികൾ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നമുള്ള ഉദയനിധി പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. 2023 സെപ്തംബർ രണ്ടിന് ചെന്നൈയിൽ നടന്ന എഴുത്തുകാരുടെ പരിപാടിയിലായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.