കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ മന്ത്രി പി രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മന്ത്രി പി രാജീവിനെതിരെ മൊഴി നൽകിയത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി രാജീവ് കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തിയതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുളള സ്വകാര്യ ഹർജിയിലാണ് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനായി രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. കോടികൾ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം നിക്ഷേപിച്ചതെന്നാണ് എൻഫോഴ്സ്മെന്റ് അറിയിച്ചത്. ഏരിയ കോൺഫറൻസ്, സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നീ പേരിലായിരുന്നു പണം സൂക്ഷിച്ചിട്ടത്. ഇതിന് മാത്രമായി പ്രത്യേക മിനിറ്റ്സ് ബുക്ക് ഉണ്ടായിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടി.

