ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ യാത്ര മാർച്ചിന്റെ ഗാനം കോൺഗ്രസ് പുറത്തുവിട്ടു. ആളുകൾക്ക് അർഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങൾ മുട്ടുമെന്നാണ് ഗാനത്തിലൂടെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഹിന്ദിയിലാണ് ഗാനം രചിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെ രാഹുൽ ഗാന്ധി തന്നെയാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളിൽ വെച്ച് രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഗാനത്തോടൊപ്പമുണ്ട്.
നീതിക്കായി പോരാടണമെന്നും പേടിക്കരുതെന്നും ഗാനത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു. ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളിലും തങ്ങൾ മുട്ടും. ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ ഇടവഴിയിലും എല്ലാ അയൽപക്കങ്ങളിലും പാർലമെന്റിലും മുട്ടുമെന്നും ഗാനത്തിൽ പറയുന്നു.
തൊഴിലിലായ്മ പോലെയുള്ള വിഷയങ്ങളും ഗാനത്തിൽ പരാമർശിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടെന്നും ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ നശിച്ചെന്നും സ്ത്രീകൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കാൻ അവർ കൊതിക്കുകയാണെന്നും ഗാനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയാണ് ഭാരത് ജോഡോ ന്യായ യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിലെ തൗബാലിൽ നിന്നും ആരംഭിക്കുന്ന യാത്ര 67 ദിവസം കൊണ്ട് 6713 കിലോ മീറ്റർ താണ്ടി, മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.

