മലപ്പുറം: വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമസ്ത മുഷാവറ ആ തീരുമാനമെടുത്താൽ അത് അംഗീകരിക്കുമെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി. എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സമസ്തയുടെ കേന്ദ്ര മുഷാവറ ഒരു കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ മുഷാവറയുടെ തീരുമാനം അവസാന ശ്വാസം വരെ നടപ്പിലാക്കാൻ നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരുവന്നാലും ആ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കു വേണ്ടി ജനിച്ച അതിനുവേണ്ടി ജീവിക്കുന്ന അതിനുവേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തയല്ലാതെ മറ്റൊരു പ്രസ്ഥാനത്തോടും യാതൊരുവിധ കൂറുമില്ല. തലയിരിക്കുമ്പോൾ വാലാടേണ്ടയെന്ന സാദിഖലി തങ്ങളെ പരോഷമായി വേദിയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

