എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചു; പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എഴുത്തുകാരൻ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രിയും സിപിഎം നേതാവുമായ പി എ മുഹമ്മദ് റിയാസ്. എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം ചോദിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇഎംഎസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി. മുഖ്യമന്ത്രിയും എംടിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും രംഗത്തെത്തി. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്‌തെന്നും അതിന് പിന്നിൽ ഇടതു വിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെയാണെന്നാണ് പ്രസംഗം കേട്ടപ്പോൾ തനിക്ക് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്താവും എം.ടിയുടെ പ്രസംഗമെന്നും ഇ പി ജയരാജൻ പറഞ്ഞു.

പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കും, തനിക്കും പിണറായി മഹാൻ ആണ്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, മന്നം, എ.കെ.ജി എന്നിവരുടെ ചിത്രങ്ങൾ വീട്ടിൽവച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.