ഉപയോക്താക്കളുടെ സുരക്ഷ; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം

ന്യൂഡൽഹി: ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ‘ട്രാക്കിങ് പ്രൊട്ടക്ഷൻ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാർട്ടി കുക്കീസിനാണ് ഗൂഗിൾ ക്രോം തടയിട്ടത്. വിൻഡോസ്, മാക്, ലിനക്സ്, ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഈ ഫീച്ചർ ലഭിക്കും. അതേസമയം, ആഗോള ഉപഭോക്താക്കളിൽ ഒരു ശതമാനത്തിലേക്ക് മാത്രമാണ് ഈ ഫീച്ചർ ആദ്യം ലഭിക്കുക.

പരീക്ഷണാർഥമാണ് ഗൂഗിൾ ക്രോം ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ മറ്റു ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ ഗൂഗിൾ എത്തിക്കും. ഫീച്ചർ ലഭ്യമാകുന്ന ഉപഭോക്താക്കളെ ഗൂഗിൾ അക്കാര്യം അറിയിക്കുന്നതാണ്. അതേസമയം, തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുന്നതിൽ എതിർപ്പ് അറിയിച്ച് ചില പരസ്യദാതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്‌സൈറ്റുകൾ അറിയിച്ചത്. എന്നാൽ തേഡ് പാർട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയിൽ ബ്രൗസ് ചെയ്യാൻ കഴിയുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.

കുക്കീസ് ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിന്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്.