രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കടൽ പാലം; ഉദ്ഘാടനം നാളെ

മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലൂടെ (എംടിഎച്ച്എൽ) വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പരമാവധി വേഗത കുറച്ച് മോട്ടോർ വാഹന വകുപ്പ്. വേഗത നൂറ് കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്. പാലത്തിലൂടെ ബൈക്കുകൾ, ഓട്ടോറിക്ഷ, ട്രാക്ടറുകൾ എന്നിവയ്ക്ക് സഞ്ചരിക്കാൻ അനുമതിയില്ലെന്നും മോട്ടോർ വകുപ്പ് വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമാണ് കടൽപ്പാലം നിർമ്മിച്ചത്. കടൽപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുന്നതിന് മുന്നോടിയായാണ് നടപടി.

വെള്ളിയാഴ്ച്ചയാണ് എംടിഎച്ച്എല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. കാർ, മിനിബസുകൾ, ഡബിൾ ഡെക്കർ ബസുകൾ, ടാക്‌സികൾ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ സഞ്ചരിക്കാം. പാലത്തിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും മുന്നോടിയായി വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററായി കുറയ്ക്കണമെന്നും ഉത്തരവിലുണ്ട്. നഗരത്തിലേക്ക് എത്തുന്ന മൾട്ടി ആക്‌സിൽ ഹെവി വാഹനങ്ങൾ, ട്രക്കുകൾ, മറ്റ് ബസുകൾ എന്നിവയ്ക്ക് എംടിഎച്ച്എലിലേക്ക് പ്രവേശനമില്ല. മൃഗങ്ങളുമായി വരുന്ന വാഹനങ്ങൾ മറ്റ് പാതകളിലൂടെ അതിർത്തി കടക്കണമെന്നും ഉത്തരവിൽ പറയുന്നു.

ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. 18,000 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. മുംബൈയിലെ സെവ്രിയിൽ നിന്നും ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ നവഷെവയിലാണ് പാലം അവസാനിക്കുന്നത്. ആറ് വരി പാതയായ എംടിഎച്ച്എൽ പാലം കടലിലൂടെ 16.5 കിലോമീ?റ്റർ ദൂരത്തിലും കരയിലൂടെ അഞ്ച് കിലോമീറ്റർ ദൂരത്തിലുമാണ് കടന്നുപോകുന്നത്. കടൽപാലത്തിലൂടെ വെറും 20 മിനിട്ട് കൊണ്ട് യാത്രികർക്ക് മുംബൈയിൽ നിന്നും നവിമുംബൈയിലേക്ക് എത്താം.