മാലദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചേക്കും; ഈ മാസം അവസാനം എത്തിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം സന്ദർശനത്തിന് എത്തിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനെ തുടർന്നുണ്ടായ വിവാദത്തിനിടെയാണ് സന്ദർശനമെന്നതാണ് ശ്രദ്ധേയം. മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. നവംബർ 17നാണ് മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത്.

മുഹമ്മദ് മുയിസു നേരത്തെ തുർക്കിയിലും, യുഎഇയിലും സന്ദർശനം നടത്തിയിരുന്നു. ജനുവരി 8 മുതൽ 12 വരെ മുഹമ്മദ് മുയിസു ചൈനയിലേക്കും പോകും. ഇതിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുകയെന്നാണ് വിവരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇയിൽ വച്ച് മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പുകളാണ് നിലവിലെ വിവാദത്തിന് കാരണം. മന്ത്രിമാരുടെ പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ കഴിഞ്ഞദിവസം ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടുകയും ചെയ്തു.