കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിന് മുന്നറിയിപ്പ് നൽകി ഗവർണർ സി വി ആനന്ദ ബോസ്. സംസ്ഥാനത്ത് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയാൽ ഭരണഘടനാപരമായ വഴി നോക്കുമെന്നാണ് ഗവർണർ അറിയിച്ചത്.
സന്ദേശ് ഖാലിയിൽൽ വെച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്നത്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡിന് എത്തിയതായിരുന്നു ഇഡി ഉദ്യോഗസ്ഥർ. ആക്രമണത്തിനിടെയുണ്ടായ കല്ലേറിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തു. തുടർന്ന് റെയ്ഡ് നടത്താതെ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. ഈ സാഹചര്യത്തിലാണ് ഗവർണർ പ്രതികരണവുമായി രംഗത്തെത്തിയത്.
സംഭവം ആശങ്കപ്പെടുത്തുന്നതും അപലപനീയവുമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. കിരാതവാഴ്ചയെ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുണ്ടായില്ലെങ്കിൽ ഗവർണർ എന്ന നിലയിൽ ഭരണഘടനാപരമായ പോംവഴി നോക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാൾ ബനാന റിപ്പബ്ലിക് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

