ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറി; അധിക്ഷേപ പരാമർശം നടത്തി എം എം മണി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശം നടത്തി സിപിഎം നേതാവ് എം എം മണി. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്ന് എം എം മണി പറഞ്ഞു. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും എം എം മണി വ്യക്തമാക്കി.

ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികൾ പിൻവലിക്കണം. ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും എം എം മണി അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഗവർണർ ജനുവരി 9 ന് തൊടുപുഴയിലെത്തുന്നത്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ജനുവരി 9 ന് ഇടതു മുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഗവർണർ ഇടുക്കിയിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് എം എം മണി ഗവർണർക്കെതിരെ പരാമർശവുമായി രംഗത്തെത്തിയത്.