രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ് ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം

രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ് ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം. പുതിയ ബിജെപി സർക്കാർ ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയേതിനു പിന്നാലെയാണ് നടപടി. പേഴ്സണൽ മന്ത്രാലയം ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ കളക്ടർ ഉൾപ്പെടെ 72ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഇതിൽ മൂന്നു പേർക്ക് അധിക ചുമതലയും നൽകി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചാരു ജില്ലാ കളക്ടറായിരുന്ന സിദ്ധാർഥ് ഷിഹാഗിനെ നിയമിച്ചു.

സ്ഥലമാറ്റം, രാജസ്ഥാൻ അഡ്മിനിസ്ടേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥർക്കാണ്. ഇതിൽ അഡീഷണൽ കളക്ടർമാർ, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവരുൾപ്പെടും. രാജസ്ഥാൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇന്നലെയാണ് പൂർത്തിയായത്. മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ആഭ്യന്തരവും എക്സൈസുമടക്കം എട്ടുവകുപ്പുകൾ തന്നെ ഏറ്റെടുത്തു. ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ച് വകുപ്പുകൾ ഉപമുഖ്യമന്ത്രി ദിയ കുമാരിയ്ക്കാണ്.