അപ്രായോഗികമായ പദ്ധതി; കെ റെയിൽ ഒരിക്കലും നടക്കില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കെ റെയിൽ ഒരിക്കലും നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അപ്രായോഗികമായ പദ്ധതിയാണതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും കേരളത്തിൽ നടപ്പാനാകാത്ത പദ്ധതിയാണത്. കേന്ദ്രസർക്കാർ സമ്മതിച്ചാലും കെ റെയിൽ നടപ്പാക്കാൻ തങ്ങൾ സമ്മതിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിന്. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നത്. കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിൽ. നവ കേരള സദസിലുടനീളം തനിക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയ ആളാണ് സജി ചെറിയാൻ. അപകീർത്തികരമായ പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികൾക്ക് വിളിച്ചാൽ ആളുകൾക്ക് പോകേണ്ടിവരും. നവ കേരള സദസിൽ പങ്കെടുത്ത ആരെക്കുറിച്ച് എങ്കിലും ഞങ്ങൾ മോശമായി പറഞ്ഞോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പോയതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് ഭംഗിയായി പ്രകടിപ്പിക്കാം. പ്രധാനമന്ത്രി വിളിച്ച സദസ്സിൽ ക്രൈസ്തവ നേതാക്കൾ പോയത് തെറ്റല്ല. അതിനു പോയവരെ കളിയാക്കുകയും പരിഹസിക്കുകയും അല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി മര്യാദയ്ക്ക് ജീവിക്കുന്ന ആൾക്കാരെയാണ് സജി ചെറിയാൻ അപമാനിക്കുന്നതെന്നും രാഷ്ട്രീയത്തോട് ആളുകൾക്ക് വെറുപ്പ് തോന്നുന്നത് ഇതൊക്കെ കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.